മഞ്ചേരി: കോട്ടപ്പുഴ മലവെള്ളപ്പാച്ചിലിന്റെ കുത്തൊഴുക്കിൽ ജീവൻ പൊലിഞ്ഞവർക്ക് നാട് കണ്ണീരോടെ യാത്രമൊഴി നൽകി. നിലന്പൂർ ചോക്കാട് മേഖലയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് മരിച്ച അഞ്ചുപേരുടെ മൃതദേഹങ്ങളാണ് മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകിയത്.
പ്രിയപ്പെട്ടവരുടെ വേർപാടിന്റെ വേദനയുമായി രാവിലെ എട്ടോടെ തന്നെ ബന്ധുക്കളും നാട്ടുകാരുമടക്കം നൂറുക്കണക്കിന് പേരാണ് ആശുപത്രിയിലെത്തിയത്. ഒടുവിൽ കണ്ണീരിൽ കുതിർന്ന മനസുമായാണ് അവർ മൃതദേഹങ്ങളുമായി മടങ്ങിയത്. അഞ്ചുപേരിൽ അനസ് യൂസഫ് യാസിന്റെ മൃതദേഹം ഞായറാഴ്ച രാത്രിയോടെ എത്തിച്ചിരുന്നു.
അവശേഷിച്ച അബ്ദുൾ റഹീം, കെ.പി. സജാദ്, റഫീഖ്, മുഹമ്മദ്കുട്ടി എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ രാവിലെയാണ് എത്തിച്ചത്.
തിരൂർ സ്വദേശിയായ മഹമ്മദ്കുട്ടിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയാണ് മെഡിക്കൽ കോളജിലേക്ക് എത്തിച്ചത്. നാലുപേരുടെ മൃതദേഹങ്ങളും മോർച്ചറിയിൽ വച്ച് നിലന്പൂർ, വണ്ടൂർ, പൂക്കോട്ടുംപാടം സ്റ്റേഷനുകളിലെ പൊലിസുകാർ ഇൻക്വസ്റ്റ് നടത്തി.
പത്തോടെ ഫോറൻസിക് വിഭാഗം മേധാവി ഡോ. ഷെയ്ക് സാക്കിർ ഉസൈന്റെ നേതൃത്വത്തിൽ അസോസിയറ്റ് പ്രഫ. ഡോ. ജിജു എന്നിവരുടെ നേതൃത്വത്തിലായിരിന്നു പോസ്റ്റുമോർട്ടം.
നടപടികൾ പൂർത്തിയാക്കി പകൽ ഒന്നരയോടെ മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശങ്ങളിലേക്ക് കൊണ്ടുപോയി. മന്ത്രിമാരായ പി.കെ. ബഷീർ, എ.പി. അനിൽകുമാർ, എം.റഹ്മത്തുള്ള എംഎൽഎ, നഗരസഭാ അധ്യക്ഷൻ വല്ലാഞ്ചിറ അബ്ദുൾ മജീദ്, കളക്ടർ വിനയ് ഗോയൽ എന്നിവർ മോർച്ചറിയിലെത്തി കാര്യങ്ങൾ ഏകോപിപ്പിച്ചു.